വലിയപെരുന്നാളിനോട് അനുബന്ധിച്ചുളള നിയന്ത്രണങ്ങളും വിശ്വാസികൾ പാലിക്കേണ്ട മാനദണ്ഡങ്ങളും പുറത്തുവിട്ട് യുഎഇ അത്യാഹിത – ദുരന്ത നിവാരണ അതോറിറ്റി. പ്രത്യേക പ്രാര്‍ത്ഥനകൾ നടത്തുമ്പോഴും ആഘോഷങ്ങൾ നടക്കുമ്പോഴും കോവിഡ് മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
ജൂലായ് 9 ന് പള്ളികളിലും പളളികൾക്ക് പുറത്ത് നടക്കുന്ന മുസല്ലാഹ് പ്രാർത്ഥനകളിലും കോവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിക്കണം. പ്രാർത്ഥനയുടെയും ഈദ് സന്ദേശത്തിന്റേയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികൾ മാസ്ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും വേണം. നിസ്കാരത്തിനുളള പായ സ്വന്തമായി കൊണ്ടുവരണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
പളളികൾക്കും പ്രാര്‍ത്ഥനാ പ്രദേശങ്ങൾക്കും സമീപമുളള ഗതാഗത തിരക്ക് തടയാൻ പോലീസ് മുന്‍കരുതലുകൾ സ്വീകരിക്കും.. ആരാധനാലയങ്ങളിലേക്കും പുറത്തേക്കുമുളള പ്രവേശനം പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും. പെരുന്നാൾ ദിനത്തിൽ ഫജ്ർ നമസ്കാരത്തിന് ശേഷം മുസല്ലകളും പള്ളികളും തുറക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ആരാധനാലയങ്ങൾക്ക് പുറത്തുള്ള ഇടങ്ങളില്‍ സാമൂഹിക അകലം പാലിച്ചാകണം ക്രമീകരണങ്ങൾ. കൂടുതൽ വിശ്വാസികളെ സ്വീകരിക്കാൻ പാർക്കുകളും സമീപത്തുള്ള മറ്റ് പ്രദേശങ്ങളും ഉപയോഗിക്കാം. പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവുമുളള ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.