ജയിലറിന്റെ വിജയാഘോഷം അതിഗംഭീരമാക്കി നിർമാതാക്കൾ. കൂറ്റൻ കേക്ക് മുറിച്ചും അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനമായി നൽകിയും ഭക്ഷണമൊരുക്കിയുമാണ് ചിത്രത്തിന്റെ വിജയം സൺപിക്ചേഴ്സ് ആഘോഷമാക്കിയത്. 300 അണിയറപ്രവർത്തകർക്കാണ് സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന് സ്വർണ നാണയങ്ങൾ സമ്മാനമായി നൽകിയത്. ‘സൺ പിക്ചേഴ്സ്’, ‘ജയിലര്‍’ എന്ന് നാണയത്തിന്റെ ഇരുഭാഗത്തുമായി ആലേഖനം ചെയ്തിട്ടുണ്ട്.
സംവിധായകന് നെല്സൻ ഉൾപ്പടെയുള്ളവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു. കലാനിധി മാരനും നെല്‍സനും അണിയറക്കാർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്. അതേസമയം നേരത്തെ രജനികാന്ത്, നെൽസൻ, അനിരുദ്ധ് എന്നിവർക്ക് ആഢംബര കാറും ലാഭവിഹിതവും കലാനിധി മാരൻ നൽകിയിരുന്നത് വൈറലായിരുന്നു. കൂടാതെ കാൻസർ രോഗികൾ, സ്നേഹാലയങ്ങൾ, ബധിര- മൂക വിദ്യാലയങ്ങൾ, ഹൃദ്രോഗികൾ എന്നിവർക്കുള്ള സഹായവും സൺപിക്ചേഴ്സ് നൽകിയിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ബോക്സോഫീസിൽ നിന്ന് 600 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’.