ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോർക്കുന്നു. അപ്രതീക്ഷിതമായി ഒരു ചലച്ചിത്ര പ്രഖ്യാപനം കേട്ടതിന്റെ ത്രില്ലിലാണ് ലോകമെമ്പാടുമുള്ള തലൈവർ ആരാധകർ. തലൈവർ 171 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
‘തലൈവർ 171’ സൺ പിക്ചേഴ്സാണ് നിർമിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അൻപറിവ് ടീമാണ് സംഘട്ടന സംവിധാനം. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നുവെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. മാത്രമല്ല, ഈ ചിത്രം രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കും എന്നും അഭ്യൂഹമുണ്ടായിരുന്നു.