ഖത്തറിന്റെ ഒളിമ്പിക്സ് ലോകചാമ്പ്യനായ മുഅതസ് ബർഷിം ഖത്തർ ടൂറിസം ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു. അഞ്ച് ലോക ചാമ്പ്യൻഷിപ്പുകളിൽ ഹൈജംപ് മെഡൽ നേടി ലോക റെക്കോഡ് നേടിയ താരമാണ് ബർഷിം. ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മേധാവി ശൈഖ ഹെസ ആൽഥാനിയാണ് ബർഷിമിനെ അംബാസഡറായി പ്രഖ്യാപിച്ചത്. കൂടാതെ അത്ലറ്റിക്സ് ഏറ്റവും വലിയ ഉയരങ്ങൾ കീഴടക്കി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായി മാറിയ ബർഷിമിന്റെ സാന്നിധ്യം ലോക ടൂറിസത്തിൽ നായക പദവിയിലേക്ക് ഉയരാൻ ശ്രമിക്കുന്ന ഖത്തർ ടൂറിസത്തിന് നേട്ടമായി മാറുമെന്നും ശൈഖ ഹെസ ആൽഥാനി പറഞ്ഞു.
വിജയങ്ങളും സമർപ്പണവും പോരാട്ടവീര്യവുംകൊണ്ട് അന്താരാഷ്ട്ര തലത്തിൽ പ്രതിധ്വനിക്കുന്ന വ്യക്തിത്വമാണ് ബർഷിം. അതുകൊണ്ട് തന്നെ ഖത്തർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തേക്ക് ഏറ്റവും മികച്ച പേരാണ് ബർഷിം എന്നും ശൈഖ ഹെസ ആൽഥാനി കൂട്ടിച്ചേർത്തു.
അതേസമയം ഖത്തർ ടൂറിസം ബ്രാൻഡ് അംബാസഡറായി നിയമിക്കപ്പെട്ടത്തിൽ ബർഷിം സന്തോഷം പ്രകടിപ്പിച്ചു. കരിയറിന്റെ ആദ്യദിനം മുതൽ രാജ്യം നൽകിയ പിന്തുണ വളരെ വലുതാണ്. ഇപ്പോൾ അതിന് പ്രത്യുപകാരം നൽകാനുള്ള അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. ഖത്തർ ടൂറിസവുമായി ചേർന്ന് രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും ലോകത്തിന്റെ നെറുകെയിൽ എത്തിക്കാനുള്ള അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബർഷിം കൂട്ടിച്ചേർത്തു.