സൗദിയിൽ ബുധനാഴ്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ, ആലിപ്പഴം വീഴൽ, ചുഴലിക്കാറ്റ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. മക്ക, ത്വാഇഫ്, മെയ്സാൻ, അദ്ഹം, അൽ അർദിയാത്ത്, അസീർ, ജീസാൻ, അൽ ബാഹ് എന്നിവിടങ്ങളാണ് ശക്തമായ മഴയ്ക്ക് സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ.
മദീന മേഖലയിൽ മിതമായ മഴയും ഖുൻഫുദ അൽ ലൈത്ത്, ഖുലൈസ്, ബഹ്റ, അൽ മുവൈഹ്, അൽ ഖുർമ, റാനിയ, തുറബ്, നജ്റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മിന്നലിനും ആലിപ്പഴം വീഴലിനും സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി.