നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ മൊറോക്കോയിലെ ഭൂകമ്പത്തിൽ രാജ്യത്തിന് സഹായഹസ്തവുമായി ഖത്തർ. ഭൂചലനത്തേത്തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി ഖത്തരി ഇന്റർനാഷനൽ സെർച്ച് ആന്റ് റെസ്ക്യൂ വിഭാഗവും ദുരന്തബാധിത പ്രദേശത്ത് സജീവമാണ്. വിവിധ മേഖലകളിലും നഗരങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുകയാണ് ദൗത്യസംഘത്തിന്റെ ലക്ഷ്യം. അത്യാധുനിക വാഹനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് സംഘമെത്തിയത്.
ഇതിന് പുറമെ അടിയന്തര മെഡിക്കൽ സഹായവും മറ്റ് സഹായങ്ങളും ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മൊറോക്കൻ രാജാവ് മുഹമ്മദ് അഞ്ചാമനെ അനുശോചനം അറിയിച്ചതിനൊപ്പം പിന്തുണയും ഉറപ്പുനൽകി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി മൊറോക്കൻ പ്രധാനമന്ത്രി അസിസ് അഖ്നൗച്ചുമായി ടെലിഫോണിൽ ചർച്ച നടത്തി സഹായം എത്തിക്കാനുള്ള ഖത്തറിന്റെ സന്നദ്ധത അറിയിച്ക്കുകയും ചെയ്തു. ഭൂചലനത്തിൽ 2,012 മരിക്കുകയും 2,059 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.