ഇന്ത്യയും യുഎഇയും തമ്മിലുളള നയതന്ത്ര ബന്ധത്തിന്‍റെ അമ്പത് വര്‍ഷങ്ങളുടെ സൂചകമായി സ്മാരക സ്റ്റാമ്പ്. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്, ഇന്ത്യ പോസ്റ്റുമായി സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്. എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് സിഇഒ അബ്ദുല്ല എം.അലാശ്രം സ്റ്റാമ്പ് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് സമ്മാനിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി സഹകരണവും ചരിത്രപരവുമായ ബന്ധവുമാണ് സ്റ്റാമ്പ് ഉയർത്തിക്കാട്ടുന്നതെന്ന് എമിറേറ്റ്സ് പോസ്റ്റ് വ്യക്തമാക്കി. ഇന്ത്യയ്ക്കും യുഎഇയ്ക്കും 2022 വളരെ പ്രധാനമാണെന്നും ശക്തവും ആഴത്തിലുള്ളതുമായ ചരിത്രത്തിന്റെ സാക്ഷ്യമാണ് സ്റ്റാമ്പെന്നും ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീറും പറഞ്ഞു.
മൂന്നര ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎഇയിൽ ജീവിതം കരുപ്പിടിപ്പിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും മുത്തുകളുടെയും വ്യാപാരത്തിന്റെ ചരിത്രത്തിൽ നിന്ന് ഇന്നത്തെ ലോകത്തിലേക്കുളള യാത്രയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത്തരം ചരിതം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമായി മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കുള്ള ആദരവ് കൂടി വ്യക്തമാക്കുന്നതാണ് സ്മരണിക സ്റ്റാമ്പ്. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും എമിറേറ്റ്സ് പോസ്റ്റ് വിലയിരുത്തി.