ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഭൂകമ്പത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന് സന്ദേശമയച്ചാണ് ഒമാൻ ഭരണാധികാരി അനുശോചനം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ എത്രയും വേഗത്തിൽ മുക്തരാകട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു.
ഭൂചലനത്തിൽ 2,012 മരിക്കുകയും 2,059 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 1,404 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഭൂചലനത്തേത്തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം മൊറോക്കോയിലുണ്ടായത്. രാജ്യത്ത് നാശം വിതച്ച മാരകമായ ഭൂകമ്പത്തെ തുടർന്ന് മൊറോക്കോ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.