ഫെഡറൽ നാഷണൽ കൗൺസിൽ (FNC) 2023-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി (NEC) അംഗീകരിച്ച ടൈംടേബിൾ പ്രകാരം സെപ്റ്റംബർ 11 തിങ്കളാഴ്ച ആരംഭിക്കും. 309 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
ടൈംടേബിൾ അനുസരിച്ച്, പ്രചാരണ ഘട്ടം 2023 ഒക്ടോബർ 3-ന് സമാപിക്കും. പ്രചരണം 23 ദിവസം നീണ്ടുനിൽക്കും. സെപ്തംബർ 25, 26 തീയതികളാണ് സ്ഥാനാർത്ഥികളുടെ പേര് പിൻവലിക്കാനുള്ള അവസാന ദിവസങ്ങൾ. എക്സിക്യൂട്ടീവ് നിർദ്ദേശങ്ങൾ അനുസരിച്ച് ഇലക്ട്രൽ പരസ്യങ്ങൾക്കായുള്ള ചെലവിന്റെ പരിധി 3 ദശലക്ഷം ദിർഹത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു. അബുദബിയിൽ 118 പേരും, ദുബൈയിൽ 57 പേരും, ഷാർജയിൽ 50 പേരുമാണ് മൽസര രംഗത്തുളളത്. അജ്മാൻ 21,റാസൽഖൈമ 14, ഉമൽഖ്വയിൻ 14,ഫുജൈറ 15 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. സ്ഥാനാർത്ഥികളിൽ 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണ്.
എല്ലാ സ്ഥാനാർത്ഥികളോടും നിയന്ത്രണങ്ങളും പ്രചാരണ നിയമങ്ങളും ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് നിർദ്ദേശങ്ങൾ പാലിക്കാനും നിയമലംഘകർക്കെതിരെ ചുമത്തിയേക്കാവുന്ന പിഴകൾ പരിഗണിക്കാനും എല്ലാ സ്ഥാനാർത്ഥികളോടും അഭ്യർത്ഥിച്ചു. 2023-ലെ FNC തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ NEC-യുടെ വെബ്സൈറ്റായ www.uaenec.ae-ലും അതിന്റെ മൊബൈൽ ആപ്ലിക്കേഷനായ നാഷണൽ ഇലക്ഷൻ കമ്മിറ്റി – UAENEC-ലും Apple App Store-ലും Google Play-യിലും ലഭ്യമാണ്. കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളിലോ വാട്ട്സ്ആപ്പ് സേവനം വഴിയോ +600500005 എന്ന നമ്പറിലൂടെ വിവരങ്ങൾ ലഭ്യമാണ്.