കോടതി നടപടികളുടെ ഭാഗമായി പിഴ അടക്കാനുള്ള പ്രവാസികള്‍ക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. യാത്രക്കുമുമ്പ് നീതിന്യായ മന്ത്രാലയത്തില്‍ പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികൾ പിഴ അടച്ചില്ലെങ്കില്‍ യാത്ര തടസ്സപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടെലിഫോൺ, വൈദ്യുതി, ജല കുടിശ്ശികയുള്ളവര്‍ക്കും ഗതാഗത നിയമലംഘനത്തിന് പിഴയടക്കേണ്ടവര്ക്കും ആഭ്യന്തര മന്ത്രാലയം സമാനമായ രീതിയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം വിദേശികളില്‍നിന്ന് പിഴയടക്കമുള്ള കുടിശ്ശിക തുക പിരിച്ചെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവര്‍ക്ക് വിമാനത്താവളത്തിലും അതോടൊപ്പം മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകള്‍ വഴി അടയ്ക്കാൻ സാധിക്കും. മാത്രമല്ല സഹേല്‍ ആപ് വഴിയും പേമെന്റ് ചെയ്യാനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ഇത് കൂടാതെ വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അതിർത്തികളിലും ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുൻപ് പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടയ്ക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും അധികൃതര്‍ അറിയിച്ചു.