തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ടെലിവിഷൻ സീരിയലായ ‘എതിർനീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലും ടെലിവിഷൻ രംഗത്തും സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞുനിന്ന വ്യക്തിയാണ് മാരിമുത്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തു വഴിയാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. രാജ്കിരൺ സംവിധാനം ചെയ്ത അരമനൈ കിള്ളി (1993), എല്ലാമേ എൻ രാസത്തൻ (1995) തുടങ്ങിയ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചു. കൂടാതെ മണിരത്നം, വസന്ത്, സീമൻ, എസ്.ജെ സൂര്യ എന്നിവരുടെ ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
1999-ൽ പുറത്തിറങ്ങിയ വാലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2004-ൽ ഉദയ എന്ന ചിത്രത്തിൽ വേഷമിട്ടു. മാരിമുത്തു സംവിധായകനായി അരങ്ങേറ്റം കുറിച്ച കണ്ണും കണ്ണും (2008) എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്. 2014-ൽ റിലീസ് ചെയ്ത പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. 2020-ൽ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചു. 2021-ൽ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രൻഗി രേയിലും അഭിനയിച്ചു. കൊടി, ഭൈരവ, മഗളിർ മട്ടും, സണ്ടക്കോഴി 2, ഗോഡ് ഫാദർ, ഭൂമി, സുൽത്താൻ, ലാഭം, രുദ്ര താണ്ഡവം, കാർബൺ, ശിവരഞ്ജിനിയും ഇന്നും സില പെൺകളും എന്നിവയാണ് പ്രധാന ചിത്രങ്ങൾ. രജനികാന്ത് നായകനായ ജയിലറായിരുന്നു അവസാന ചിത്രം. ഭാഗ്യ ലക്ഷ്മിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.