മഹാരാഷ്ട്രയിൽ പുതിയ സ്പീക്കര്‍ ആയി ബിജെപിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ നർവേക്കറിന് 164 വോട്ടുകളാണ് ലഭിച്ചത്. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ രാജന് സാല്‍വി ആയിരുന്നു രാഹുലിനൊപ്പം മത്സരിച്ചത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് രാജന് മത്സരിച്ചത്.
മത്സരത്തിന് മുൻപ് തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥി 165-170 വോട്ടുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി നേതാവ് സുധീര്‍ മുന്ഗന്തിവാര് പറഞ്ഞിരുന്നു. ഞങ്ങള്‍ വിജയിച്ചുകഴിഞ്ഞാല്‍ ബിജെപി ശിവസേന സഖ്യത്തിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഞങ്ങള്‍ സ്ഥാപിക്കും എന്ന് രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു.
വിമത നീക്കം നടത്തിയ ഏക്നാഥ് ഷിൻഡെയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് ഇന്നലെ നീക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡേക്കെഴുതിയ കത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്നും ഷിൻഡെയെ മാറ്റിയിരുന്നു.