കുവൈത്തിൽ അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കാൻ നീക്കങ്ങളെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചർച്ചകൾ ആരംഭിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നത്.
രാജ്യത്തെ വിദേശികളും സ്വദേശികളും തമ്മിലുളള എണ്ണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്തിൻ്റെ ഭാഗമായാണ് പുതിയ നീക്കം. ഇപ്പോഴുള്ള തുകയുടെ മൂന്നിരട്ടി വരെ ഫീസ് വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഇഖാമ ഫീസ് വർധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തെ തൊഴിൽ വിപണി ക്രമപ്പെടുത്തുന്നതിനും , വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് വിസ നടപടികൾ നിർത്തിവെക്കുകയും നിരവധി മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിനിടെയാണ് വിസ ഫീസിലും മാറ്റം വരുന്നത്. നേരത്തെ സമാന നിർദേശങ്ങൾ ഉയർന്നിരുന്നെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു.
പുതിയ റിപ്പോർട്ടിന് സർക്കാർ അംഗീകാരം ലഭ്യമായാൽ മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾക്ക് വലിയതിരിച്ചടിയാകും നേരിടുക. നിലവിൽ മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് വിസ പുതുക്കുന്നതിന് കുറഞ്ഞ തുകയാണ് കുവൈത്ത് ഈടാക്കുന്നത്.