എണ്ണയുൽപാദനം വെട്ടിക്കുറച്ച സൗദിയുടെ നടപടി ഡിസംബർ മാസം വരെ തുടരുമെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെട്ടിക്കുറയ്ക്കൽ തീരുമാനം പ്രതിമാസ അവലോകനങ്ങൾക്ക് വിധേയമാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കുകേയോ വെട്ടിക്കുറക്കലിൻറെ അളവ് കൂട്ടുകയോ ചെയ്തേക്കാം എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
പുതിയ തീരുമാന പ്രകാരം എണ്ണ ഉൽപാദനക്കുറവ് ഡിസംബർ വരെ നീളും. ഇതനുസരിച്ച് അടുത്ത മൂന്നുമാസങ്ങളിലും രാജ്യത്തിൻറെ എണ്ണയുൽപ്പാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ പ്രഖ്യാപിച്ച വെട്ടിക്കുറക്കൽ ഓഗസ്റ്റിലേക്കും പിന്നീട് സെപ്തംബറിലേക്കും നീട്ടുകയായിരുന്നു.
എണ്ണ വിലനിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഒപെക് രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ അധിക വെട്ടിക്കുറക്കൽ. സാധാരണയുള്ള എണ്ണയുൽപാദനത്തിൽ കഴിഞ്ഞ ഏപ്രിലിൽ രാജ്യം കുറവ് വരുത്തിയിരുന്നു. ഇതിന് പുറമേയാണ് കഴിഞ്ഞ മൂന്ന് മാസമായി പ്രത്യേക വെട്ടിക്കുറക്കൽ തുടരുന്നത്. അടുത്ത വർഷാവസാനം വരെ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.