മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സംസം വെള്ളം കുടിക്കുമ്പോൾ പരോപകാരത്തിന്റെയും ക്ഷമയുടെയും പ്രാധാന്യം മാർഗ നിർദേശങ്ങളിൽ മന്ത്രാലയം പ്രത്യേകം വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിശ്ചിത സ്ഥലങ്ങളിൽ നിന്ന് സംസം കുടിച്ചതിന് ശേഷം കപ്പുകൾ അതാത് ഇടങ്ങളിൽ മാത്രം നിക്ഷേപിക്കണം. അവ അലസമായി വലിച്ചെറിയാൻ പാടില്ല.
കുടിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. തറയിൽ വെള്ളം ഒഴുകിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അതേസമയം പ്രായമായവർക്ക് കുടിക്കാനായി മുൻഗണന നൽക്കേണ്ടത് പ്രധാനമാണ്. കൂടാതെ തള്ളുന്നതും തിരക്ക് കൂട്ടുന്നതും ഒഴിവാക്കി മറ്റുള്ളവരോട് ബഹുമാനവും പരിഗണനയും കാണിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം പുറത്ത് വീട്ടിരിക്കുന്നത്.