യുഎഇയ്ക്ക് പുതിയ മെസേജിങ് ആപ്ലിക്കേഷനുമായി പ്രധാന ടെലികോം ഓപറേറ്റര്‍ ഇത്തിസലാത്ത്. ‘ഗോചാറ്റ്’ എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ഐ ഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ഗോചാറ്റ് ആപ്പ് ഉപയോഗിക്കാം. സൗജന്യമായി വിഡിയോ, ഓഡിയോ കോളുകള്‍, മണി ട്രാന്‍സ്ഫര്‍ സംവിധാനം, ബില്ല് അടക്കൽ, ഗെയിമിങ് തുടങ്ങിയവ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.
യുഎഇയിലെ ഉപഭോക്താക്കൾക്ക് ഏത് രാജ്യത്തേക്കും സൗജന്യ വിഡിയോ, ഓഡിയോ കോളുകൾ ചെയ്യാന്‍ ഗോചാറ്റ് സഹായിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കുമിടയില്‍ വിഡിയോ കോളിങ് വർധിച്ചു. വിഡിയോ കോളുകൾക്കും മീറ്റിങ്ങുകൾക്കുമായി ഗൂഗിൾ മീറ്റ്, സൂം, സ്കൈപ്പ് എന്നിവയാണ് ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിനിടയിലേക്കാണ് ഗോ ചാറ്റ് ആപ്പും വരുന്നത്. വിഡിയോ കോളിങ് ആപ്പുകളുടെ ഉപയോഗം ആഗോള തലത്തിൽ ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടൽ.
വിഡിയോ കോളിങ് രംഗത്ത് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ഇത്തിസലാത്തിന്റെ ലക്ഷ്യം.
ബോട്ടിം, സി മീ, ഹൈയു എന്നിവയുൾപ്പെടെ മറ്റ് ബദൽ ഇന്റർനെറ്റ് കോളിങ് പ്ലാറ്റ്ഫോമുകൾ യുഎഇയിൽ ഇത്തിസലാത്ത് തുടർന്നും ലഭ്യമാക്കുമെന്നും വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്.