ഒരു മാസത്തോളം പുതുപ്പള്ളിയെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് അവസാനിച്ചു. ഇനി ഫലപ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. 72.91 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ഇതിന് മുമ്പുള്ള മൂന്ന് തിരഞ്ഞെടുപ്പുകളേക്കാളും കുറഞ്ഞ വോട്ടിങ് നിരക്കാണിത്. 2011-ൽ 74.84, 2016-ൽ 77.14, 2021-ൽ 77.36 എന്നിങ്ങനെയായിരുന്നു മുൻകാല വോട്ടിങ് ശതമാനം.
വേട്ടെടുപ്പിന് പിന്നാലെ പുതുപ്പള്ളിയെ ആര് നയിക്കും എന്നതാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. സെപ്റ്റംബർ എട്ടിന് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തിൽ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആകെ 20 ടേബിളുകളിലാണ് കൗണ്ടിങ്ങിനായി സജ്ജമാക്കുക. 14 ടേബിളുകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും 5 ടേബിളുകളിൽ തപാൽ വോട്ടുകളും ഒരു ടേബിളിൽ വോട്ടർമാർക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 44 അംഗ സായുധ പൊലീസ് സംഘത്തെയും അണിനിരത്തും.
വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിജയസാധ്യതകളെയും ഭൂരിപക്ഷത്തെയും കുറിച്ചുള്ള കണക്കുകൂട്ടലുകളിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ബൂത്ത് ഏജന്റുമാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നണികളുടെ വിലയിരുത്തലുകൾ. തുടർച്ചയായി 12 തവണ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ നിറയുന്ന തിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മന് വെറും ജയമല്ല യുഡിഎഫിന്റെ ലക്ഷ്യം. മുപ്പതിനായിരത്തിലധികം ഭൂരിപക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് കടുത്തമത്സരം നൽകിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് പോരാട്ടവീര്യം ശക്തിപ്പെടുത്താനാണ്. കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാൽ വിജയമുണ്ടാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഇരുമുന്നണികളോടും ശക്തമായ മത്സരത്തിനില്ലെങ്കിലും ബിജെപിയും മത്സര വീര്യത്തോടെ തന്നെയാണ് കളത്തിലുള്ളത്. ലിജിൻ ലാലാണ് എൻ.ഡി.എ. സ്ഥാനാർത്ഥി.