മഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മാപ്പ് പറഞ്ഞു. ഗവേണിങ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം തിങ്കളാഴ്ച ക്ലാസ് മുറിയില്‍വെച്ചാണ് അധ്യാപകന്‍ സി.യു. പ്രിയേഷിനോട് വിദ്യാര്‍ഥികള്‍ മാപ്പ് അപേക്ഷിച്ചത്.
സംഭവത്തില്‍ കോളേജ് നിയോഗിച്ച അന്വേഷണ കമ്മിഷനിലെ മൂന്ന് അധ്യാപകരുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാര്‍ഥികള്‍ തെറ്റുപറ്റിയെന്ന കാര്യം അധ്യാപകനെ അറിയിച്ചത്. കൂടാതെ ഓണം അവധി കഴിഞ്ഞതിന് ശേഷം അധ്യാപകനെ നേരില്‍ കണ്ട് മാപ്പുപറയാമെന്നായിരുന്നു വിദ്യാര്‍ഥികള്‍ നേരത്തെ കോളേജ് അധികൃതരെ അറിയിച്ചിരുന്നത്. അന്വേഷണ കമ്മീഷനും ഈ ആവശ്യം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചിരുന്നു.
ക്ലാസ് മുറിയില്‍ വച്ച് അധ്യാപകനെ അപമാനിച്ച വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വിദ്യാര്‍ഥികളുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആറ് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാൽ സംഭവത്തില്‍ പോലീസില്‍ പരാതി ലഭിച്ചെങ്കിലും അധ്യാപകന്‍ പരാതി ഇല്ലെന്ന് അറിയിച്ചതിനാല്‍ നിയമനടപടികള്‍ ഉണ്ടായിരുന്നില്ല.