പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഏറെ ആവേശം അലതല്ലിയ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചിരുന്നു. വിജയത്തിൽ കുറഞ്ഞ പ്രതിക്ഷയൊന്നും മൂന്ന് മുന്നണിയ്ക്കും ഇല്ല. ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും വലിയ ആത്മവിശ്വാസത്തിലാണ്.
ഇന്ന് നിശബ്ദ പ്രചാരണമാണ് മണ്ഡലത്തിൽ നടക്കുന്നത്. നാളെ തിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാൽ അടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരുണ്ട്. 957 പുതിയ വോട്ടർമാരുണ്ട്.
വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയോസ് കോളജിൽ നടന്നു. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി ആയിരിക്കും.എന്തായാലും വോട്ടെടുപ്പിന്റെ ആവേശത്തിലാണ് പുതുപ്പള്ളിയും രാഷ്ട്രീയകേരളവും.