കേരളത്തിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഒക്ടോബർ മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. ഒക്ടോബർ ആദ്യ ആഴ്ചയിലാണ് മസ്കത്ത് – തിരുവനന്തപുരം റൂട്ടിൽ ഒമാൻ എയർ പ്രതിദിന സർവീസ് ആരംഭിക്കുക. നിലവിൽ മസ്കത്തിൽ നിന്നും കണക്ഷൻ സർവീസുകൾ വഴി എയർ ഇന്ത്യയുമായി സഹകരിച്ചാണ് തിരുവനന്തപുരത്തേക്ക് ഒമാൻ എയർ പറക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ സലാം എയർ കോഴിക്കോട് – മസ്കത്ത് റൂട്ടിൽ പ്രതിദിന സർവ്വീസ് ആരംഭിക്കും. ഇവിടേയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ ഒമാൻ എയർ മസ്കത്ത് കോഴിക്കോട് റൂട്ടിൽ രണ്ട് പ്രതിദിന സർവ്വീസുകളും എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം ഒരു സർവീസുമാണ് നടത്തുന്നത്. ഒമാന്‍ വിമാന കമ്പനികള്‍ പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതോടെ കേരളത്തിലേയ്ക്കുള്ള ജനങ്ങളുടെ യാത്രാദുരിതം ഒരുപരിധിവരെ കുറയും. കൂടാതെ നേരിട്ടുള്ള സർവീസായതിനാൽ ടിക്കറ്റ് നിരക്കിലും ഗണ്യമായ കുറവുണ്ടാകും.