ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ഭൂമിയിലേയ്ക്ക് മടങ്ങിയെത്തി. ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ നെയാദിയും സംഘവും രാവിലെയാണ് ഫ്ലോറിഡ തീരത്ത് സ്പ്ലാഷ്ഡൗൺ ചെയ്തത്. ഏകദേശം 17 മണിക്കൂർ സഞ്ചരിച്ചാണ് സംഘം ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്തിയത്.
കടലിൽ സ്പ്ലാഷ് ഡൗൺ ചെയ്യുമ്പോൾ അൽ നെയാദി ഉൾപ്പെട്ട ക്രൂ-6നെ സ്വാഗതം ചെയ്യാൻ നാസ, മറ്റ് ഏജൻസികൾ, എംബിആർഎസ്സി എന്നിവിടങ്ങളിൽ നിന്നുള്ള സംഘം ബഹിരാകാശ പേടകത്തിന്റെ ലാൻഡിംഗ് സൈറ്റിലുണ്ടായിരുന്നു. സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ആന്ദ്ര ഫെഡ് യാവേവ് എന്നീ സഞ്ചാരികൾക്കൊപ്പമാണ് നെയാദി ഭൂമിയിലേയ്ക്ക് തിരികെയെത്തിയത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശനിലയത്തിൽ ചെലവഴിക്കുന്ന ആദ്യ എമറാത്തി, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയാണ് നെയാദി ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.