മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആരാധകർ സംഘടിപ്പിച്ച രക്തദാനത്തിന് മികച്ച പിന്തുണ. ലോകമെമ്പാടുമായി ഇരുപത്തയ്യായിരം രക്തദാനം നടത്താനുള്ള ആരാധകരുടെ ഉദ്യമം ആദ്യ ദിവസങ്ങളിൽ തന്നെ വലിയ വിജയമായി. തിരുവോണനാളിൽ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ രക്തദാനം നടത്തി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആണ് ക്യാമ്പയിന് തുടക്കമിട്ടത്.
അതേസമയം ഇതിനോടകം തന്നെ ആയിരക്കണക്കിന് ബുക്കിങ്ങോ രക്തദാനമോ വിവിധ രാജ്യങ്ങളിലായി ഇതിനോടകം നടന്ന് കഴിഞ്ഞതായി സംഘടനയുടെ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാനത്തിനായി മുന്നോട്ട് വന്നത്. എന്നാൽ സമൂഹത്തിന്റെ നാനാ ഭാഗങ്ങളിൽ ഉള്ള നിരവധി ആളുകൾ ഇതിനോടകം രക്തദാനം നടത്തുകയോ ഡേറ്റ് ബുക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ കേരളം കൂടാതെ ഇന്ത്യയ്ക്ക് പുറത്തുള്ള യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, കുവെെറ്റ് എന്നിവിടങ്ങളിൽ നിന്ന് ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പതിനേഴ് രാജ്യങ്ങളിലെ ഫാൻസ് കൂട്ടായ്മകൾ ആണ് രക്തദാന ക്യാമ്പയിന് നേതൃത്വം നൽകുന്നത്. അതേസമയം ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ നടന്ന ക്യാമ്പയ്നുകളിൽ ആരാധക സംഘടനയുടെ പ്രവർത്തകരേക്കാൾ മറ്റു പ്രവാസി മലയാളികളുടെയും മറ്റ് പല പ്രവാസി സംഘടനകളുടെയും സജീവ സാന്നിധ്യം ശ്രദ്ധേയമാണ്. കൂടാതെ കേരളത്തിലെ ക്യാമ്പയിൻ ഈ ആഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ അറിയിച്ചു.
സെപ്റ്റംബർ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. രക്തദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയാണ് മമ്മൂട്ടി ആരാധകർ സാധാരണയായി ജന്മദിനം ആഘോഷിക്കാറുള്ളത്. ഈ വർഷം സെപ്റ്റംബർ ആരംഭം മുതൽ എല്ലാദിവസവും രക്തദാന ക്യാമ്പുകൾ നടക്കുന്നുണ്ടെന്നും ഫാൻസ് അസോസിയേഷൻ അറിയിച്ചു. കൂടാതെ യുഎഇയിലെ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് അബുദാബി, അൽഐൻ എന്നിവിടങ്ങളിൽ ക്യാമ്പുകൾ ഉണ്ടാകുമെന്ന് യുഎഇ രക്ഷധികാരികളായ ഷമീം, ശിഹാബ് എന്നിവർ അറിയിച്ചു.