ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഫ്ലോറിഡയിലെ ടാമ്പയിൽ താമസിക്കുന്ന 34 എമിറാത്തി പൗരന്മാരെ വാഷിംഗ്ടണിലെ യുഎഇ എംബസി ഒഴിപ്പിച്ചു. ഇഡാലിയ ചുഴലിക്കാറ്റ് പടിഞ്ഞാറൻ ഫ്ലോറിഡയുടെ തീരത്ത് ആഞ്ഞടിക്കുന്നതിനാൽ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വിദേശത്തുള്ള പൗരന്മാരുടെ അവസ്ഥകൾ പിന്തുടരാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള യുഎഇയുടെ നിരന്തരമായ താൽപ്പര്യത്തിന്റെ പശ്ചാത്തലത്തിൽ വാഷിംഗ്ടണിലെ എംബസി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അമേരിക്കയിലെ യുഎഇ അംബാസഡർ ഹിസ് എക്സലൻസി യൂസഫ് മന അൽ ഒതൈബ പറഞ്ഞു. 16 പൗരന്മാരെ മിയാമി നഗരത്തിലേക്കും 18 എമിറാറ്റികളെ അറ്റ്ലാന്റ നഗരത്തിലേക്കുമാണ് മാറ്റിയിട്ടുള്ളത്.
അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും താമസക്കാരോട് യുഎഇ എംബസി അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ യുഎഇയിലെ വിദേശകാര്യ മന്ത്രാലയത്തിൽ 0097180024 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാനും പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.