യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേയ്ക്കുള്ള മടക്കം പ്രതികൂല കാലാവസ്ഥയേത്തുടർന്ന് വൈകുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. ഫ്ലോറിഡ തീരത്ത് സ്ലാഷ്ഡൗൺ സൈറ്റുകൾക്ക് സമീപമുള്ള പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി നാസയാണ് കാലതാമസം പ്രഖ്യാപിച്ചത്. നാളെ വൈകിട്ടോടെ നെയാദി മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ലഭ്യമായ അടുത്ത അൺഡോക്ക് ചെയ്യാനുള്ള അവസരം ഈ മാസം 3-ന് യുഎഇ സമയം രാവിലെ 7.05 ന് മുമ്പാണ്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും മടക്കത്തിനുള്ള പുതിയ തീയതി സ്ഥിരീകരിക്കുന്നതിനുമായി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും നാസ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 8.58-നായിരുന്നു സ്ലാഷ്ഡൗൺ ആദ്യം തീരുമാനിച്ചിരുന്നത്. ആറ് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് നെയാദി ഭൂമിയിലേയ്ക്ക് മടങ്ങുന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ യുഎഇ വലിയ ഒരുക്കം തന്നെയാണ് നടത്തിവരുന്നത്.