പ്രവാസികൾ വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയാവുന്നത് ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്. വിദേശ യാത്രയ്ക്കു മുമ്പ് തൊഴില് ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.
തൊഴില്‍ ദാതാവില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ കൈപ്പറ്റിയ ശേഷമേ കരാറില്‍ ഏര്‍പ്പെടാവൂ. ലഭ്യമായ ജോലി സ്വന്തം യോഗ്യതക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉദ്യോഗാര്‍ഥി ഉറപ്പുവരുത്തണമെന്നും നോര്‍ക്ക വ്യക്തമാക്കി. വാഗ്ദാനം ചെയ്ത ജോലിയിലാണോ വിസ ലഭ്യമായതെന്നും ഉറപ്പുവരുത്തണം. തൊഴില്‍ ദാതാവിനെപ്പറ്റിയും കമ്പനിയെപ്പറ്റിയും അതാത് രാജ്യങ്ങളില്‍ വിശദമായി അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
ഔദ്യോഗിക ഏജൻസികൾ മുഖേന മാത്രമേ ഇടപാടുകൾ നടത്താവൂ.
ഏജന്‍സികൾ കേന്ദ്ര സര്‍ക്കാറിന്‍റെ ഇ – മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണോയെന്നും ഉറപ്പുവരുത്തണം. പണം നല്‍കിയുളള റിക്രൂട്ട്മെന്‍റുകളെ പ്രോത്ഹിപ്പിക്കരുതെന്നും ഇസിആര്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ സന്ദര്‍ശക വിസകളില്‍ പോയി വഞ്ചിതരാകരുതെന്നും നോര്‍ക്ക നിര്‍ദ്ദേശിച്ചു.