ഷാർജയിൽ പുതിയ നിയമനങ്ങൾക്ക് അംഗീകാരം നല്കി ഭരണാധികാരി. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിലും (എസ്.ബി.എ) ഷാർജ ഇലക്ട്രിസിറ്റി – വാട്ടർ ആന്റ് ഗ്യാസ് അതോറിറ്റിയിലുമാണ് (സേവ) പുതിയ നിയമനങ്ങൾ നടത്താൻ ഭരണാധികാരി അംഗീകാരം നൽകിയത്. എസ്. ബി.എയിൽ 20 ജീവനക്കാരെയും സേവയിൽ 200 ജീവനക്കാരെയുമാണ് നിയമിക്കുന്നത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിൽ സംപ്രക്ഷണം ചെയ്യുന്ന ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവുകൾ പ്രഖ്യാപിച്ചത്.
ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സുമായി ഏകോപിപ്പിച്ചാണ് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നത്. കൂടാതെ ഷാർജ സർവകലാശാലയിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര ബിരുദധാരികൾക്കായി 248 സ്കോളർഷിപ്പുകൾക്കും ഷാർജ ഭരണാധികാരി അംഗീകാരം നൽകി.