സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. സൗദിയിലെ ലോജിസ്റ്റിക്സ് മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണം, പ്രമുഖ നിക്ഷേപ കേന്ദ്രമായും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും.
മാസ്റ്റർ പ്ലാനിൽ 10 കോടി ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള 59 കേന്ദ്രങ്ങൾ ഉൾപ്പെടുന്നുണ്ട്. റിയാദ്, മക്ക എന്നിവിടങ്ങളിൽ 12, കിഴക്കൻ പ്രവിശ്യയിൽ 17, മറ്റ് പ്രദേശങ്ങളിലെല്ലാം കൂടി 18 എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. 2030ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തസജ്ജമാകും. ഇത്തരത്തിലുള്ള 21 കേന്ദ്രങ്ങളിൽ ഇപ്പോൾ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷത സൗദി അറേബ്യക്കുണ്ടെന്നും അതിനാൽ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഇതിലൂടെ ഉറപ്പിക്കാൻ സാധിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.