സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. എകെജി സെന്ററിന് മുന്നിലെ റോഡിലേക്കാണ് സ്ഫോടക വസ്തു വീണത്. രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. വലിയ ശബ്ദം കേട്ട് പ്രവർത്തകർ പുറത്തേക്ക് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കന്റോൺമെന്റ് പൊലീസ് നടത്തിയ പരിശോധനയിൽ ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
അല്പസമയം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻ്ററിലെത്തി. ആക്രമണം നടന്നതിനുശേഷമുള്ള ആദ്യ സന്ദർശനം ആണിത്. മന്ത്രിമാരായ ജി ആർ അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
എകെജി സെൻ്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്തെ കലാപഭൂമിയാക്കി തീർക്കാനുള്ള ബോധപൂർവ്വമായ പരിശ്രമത്തിന്റെ തുടർച്ചയാണ് എകെജി സെൻ്ററിന് നേരെയുണ്ടായ ആക്രമണമെന്നാണ് കോടിയേരി ആരോപിക്കുന്നത്. പാർട്ടിയെ ജീവനായി കാണുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. പാർട്ടി ഓഫീസുകളെ ആക്രമിക്കുക, പാർട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലെയുള്ള മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങൾ വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും കോടിയേരി ആഹ്വാനം ചെയ്തു.
എകെജി സെൻ്ററിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണെന്നും എകെജി സെന്‍ററിൽ ബോംബെറിയുമെന്ന് കോൺഗ്രസ് പ്രഖ്യപിച്ചിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രകോപിതരാകരുതെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കരുതെന്നും പ്രവർത്തകരോട് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.
എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽഡിഎഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചത്. പാർട്ടി ഓഫീസുകൾ പാർട്ടി പ്രവർത്തകരുടെ വീടുകൾ എന്നിവ ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്.
കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമായിരിക്കാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു.