പ്രശസ്ത ബ്രാന്റുകളുടെ പേരിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ച് വിതരണം നടത്തിയ യെമനി പൗരന് സൗദിയിൽ 50,000 റിയാൽ പിഴ ചുമത്തി. ദമാം ക്രിമിനൽ കോടതിയാണ് യെമനി പൗരനായ മുഹ്സിൻ ബിൻ മുഹമ്മദ് ബിൻ മുഹ്സിൻ അൽ ദുഅയ്സിന് പിഴ ചുമത്തിയത്. അനധികൃതമായി പ്രവർത്തിച്ചുവന്ന കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ സ്പോർട്സ് വസ്ത്ര ശേഖരവും തയ്യൽ മെഷീനുകളും വസ്ത്രങ്ങളിലും ബാഗുകളിലും മറ്റും ബ്രാന്റുകൾ മുദ്രണം ചെയ്യുന്നതിനുള്ള പ്രിന്റിംഗ് മെഷീനുകളും സൗദി, യൂറോപ്യൻ ക്ലബ്ബുകളുടെ എംബ്ലങ്ങൾ അടങ്ങിയ സ്റ്റിക്കർ ശേഖരവും പിടിച്ചെടുത്തു.
അൽകോബാറിലുള്ള ഒരു പഴയ കെട്ടിടം കേന്ദ്രീകരിച്ചാണ് വസ്ത്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്നത്. കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ യെമനി പൗരനെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു.