യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം റെക്കോർഡ് വളർച്ചയിലേയ്ക്ക്. 2023-ന്റെ ആദ്യ പകുതിയിൽ രാജ്യം 1.239 ട്രില്യൺ ദിർഹം എന്ന പുതിയ അർദ്ധവർഷ റെക്കോർഡ് സ്ഥാപിച്ചതായി യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. രാജ്യത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരം ഈ വർഷം 2.5 ട്രില്യൺ ദിർഹം കവിയുമെന്നും 2031-ഓടെ 4 ട്രില്യൺ ദിർഹത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ എണ്ണ ഇതര വിദേശ വ്യാപാര കണക്ക് 2022-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 14.4 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. 2023 യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വർഷമായിരിക്കും. ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഗോള കേന്ദ്രങ്ങളിലൊന്നായി രാജ്യം മാറുമെന്നും അന്താരാഷ്ട്ര വ്യാപാരത്തിൽ യുഎഇ ഒരു പ്രധാന ശക്തിയായി തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.