യെമനിലെ കുഴിബോംബുകൾ നീക്കം ചെയ്യാനുള്ള സൗദി പദ്ധതിയായ മസം ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ സ്ഥാപിച്ച 1,403 മൈനുകൾ കണ്ടെത്തി നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. യെമൻ ജനതയെ സഹായിക്കുന്നതിനായി സൽമാൻ രാജാവിൻ്റെ ഉത്തരവനുസരിച്ച് സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതിപ്രകാരമാണ് മൈനുകൾ നീക്കം ചെയ്തത്.
സൗദി സഹായ ഏജൻസിയായ കെഎസ്‌റെലീഫിൻ്റെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ. 1,322 പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ, 67 ടാങ്ക് വിരുദ്ധ മൈനുകൾ, 11 സ്‌ഫോടക വസ്തുക്കൾ, മൂന്ന് ആൻ്റെ പേഴ്‌സണൽ മൈനുകൾ എന്നിവ സംഘം നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ആഗസ്റ്റിലെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ.
ഹൂതികൾ വിവേചനരഹിതമായി മണ്ണിനടിയിൽ ഒളിപ്പിച്ച മൈനുകളും ആയുധങ്ങളും പൊട്ടിത്തെറിച്ച് കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി നിരപരാധികളുടെ ജീവനാണ് നഷ്ടപ്പെടുന്നത്.
മാരിബ്, ഏദൻ, ജൗഫ്, ഷബ്വ, തായ്‌സ്, ഹൊദൈദ, ലാഹിജ്, സന, അൽ-ബൈദ, അൽ-ദാലെ, സാദ എന്നിവിടങ്ങളിലാണ് കുഴിബോംബ് നീക്കം ചെയ്തതെന്നും സംഘം വ്യക്തമാക്കി.
2018-ൽ പദ്ധതിയുടെ തുടക്കം മുതൽ 412,971 മൈനുകൾ നീക്കം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പൗരന്മാരിലേക്ക് മനുഷ്യത്വപരമായ സഹായങ്ങൾ എത്തിക്കുകയാണ് സൌദിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി കുഴിബോംബ് നീക്കം ചെയ്യുന്നതിനുള്ള പ്രാദേശികമായി എഞ്ചിനീയർമാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റ യെമനികൾക്ക് പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.മസം പദ്ധതിയുടെ കരാർ ഒരുവർഷത്തേക്ക് നീട്ടാനും ധാരണയായിട്ടുണ്ട്.