അനാഥ കുട്ടികൾക്ക് സ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്ത് ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ ‘പ്രതീക്ഷ കിരണം’ സംരംഭത്തിന്റെ ഭാഗമായാണ് അനാഥരായ കുട്ടികൾക്ക് പഠനത്തിനാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തത്. പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്.
ഗ്രേഡ് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾക്ക് ബാഗുകൾ, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്കൂൾ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പുതിയ അധ്യയനവർഷത്തിലേക്ക് കടക്കാൻ തയ്യാറായിരിക്കുന്ന കുട്ടികൾക്ക് മാനസിക സന്തോഷം പ്രദാനം ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ദുബായ് പൊലീസ് സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.