ലോക ബ്ലൈൻഡ് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് സ്വർണ നേട്ടം. ബർമിങ്ങാമിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണ നേട്ടം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 8ന് 114 റൺസെടുത്തു. മഴ കാരണം കളി തടസപ്പെട്ടതോടെ ഡക്ക് വർത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 9 ഓവറിൽ 43 റൺസായി പുനർനിർണയിക്കുകയായിരുന്നു. 11 പന്തിൽ 18 റൺസെടുത്ത ദീപികയും 7 പന്തിൽ 11 റൺസെടുത്ത ഗംഗാ നീലപ്പയുമാണ് ഇന്ത്യയുടെ വിജയത്തിലേക്കുള്ള കുതിപ്പ് വേഗത്തിലാക്കിയത്. 2 ഓവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത മലയാളി താരം സാന്ദ്ര ഡേവിസും കളിയിൽ ശ്രദ്ധനേടി. ഇന്ന് പുരുഷവിഭാഗം ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.