ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്ക രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴാച വൈകിട്ട് നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.
യുഎഇയിൽ ആദ്യത്തെ മലയാളം റേഡിയോ സംപ്രേക്ഷണ കാലം മുതല്‍ ശ്രോതാക്കൾക്ക് വെട്ടൂര്‍ ജി ശ്രീധരന്‍ സുപരിചിതന്‍ ആയിരുന്നു. തൊണ്ണൂറുകളില്‍ റാസൽഖൈമയിൽ നിന്ന് മലയാളം സംപ്രേക്ഷണം ആരംഭിച്ചപ്പോൾ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി ശ്രീധരൻ ആയിരുന്നു. പിന്നീട് റേഡിയോ ഏഷ്യ എന്ന പേരില്‍ 24 മണിക്കൂർ പ്രക്ഷേപണം ആയി വളര്‍ന്നപ്പോഴും അദ്ദേഹം നിര്‍ണായ പങ്കുവഹിച്ചു.
20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്നു വെട്ടൂര്‍ ജി ശ്രീധരന്‍. 2018ലാണ് വിരമിച്ചത്. ശേഷം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയവേയാണ് രോഗം ഗുരുതരമായതും മരണം കവര്‍ന്നെടുക്കുന്നതും.
1980 – ല്‍ യു.എ.ഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് പ്രവാസ നാടകരംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോൾ റേഡിയോ പ്രക്ഷേപണത്തിലേക്ക് കടന്നുവരികയായിരുന്നു. ശ്രദ്ധേയമായ നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ലോക കേരളസഭയുടെ ഭാഗമായി പ്രവാസലോകത്തെ റേഡിയോ കലാകാരന്മാരെ സര്‍ക്കാര്‍ ആദരിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.