ലോക ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടവും ഇതോടെ പ്രണോയിക്ക് സ്വന്തമായി. പുരുഷ സിംഗിള്‍സ് സെമിയില്‍ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്ലന്‍ഡിന്റെ കുൻലാവുറ്റ് വിറ്റിസനോടാണ് ഒമ്പതാം നമ്പര്‍ താരമായ പ്രണോയ് തോൽവി ഏറ്റുവാങ്ങിയത്. 21-18, 13-21, 14-21 എന്ന നിലയിലായിരുന്നു സ്കോർ.
ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് മലയാളി താരം മത്സരം കൈവിട്ടത്. മത്സരത്തിന്റെ തുടക്കം മുതൽ പ്രതിരോധത്തിലൂന്നി കളിച്ച പ്രണോയ് അപൂർവമായി മാത്രമാണ് ഹാർഡ് സ്മാഷുകൾക്ക് മുതിർന്നത്. ഈ അവസരം മുതലെടുത്ത് തായ്ലൻഡ് താരം പ്രണോയിയെ സമ്മർദത്തിലാക്കുകയും ചെയ്തു. നെറ്റ് ഷോട്ടുകളിലെ മികവും കുൻലാവുറ്റിന്റെ തുടർ പിഴവുകളുമാണ് ആദ്യ ഗെയിമിൽ പ്രണോയിക്ക് മേൽക്കൈ നൽകിയത്.
രണ്ടാം ഗെയിമിൽ പ്രണോയ് 5-1ന് ലീഡെടുത്തതോടെ ആരാധകർ ഫൈനൽ സ്വപ്നം കണ്ടെങ്കിലും തുടരെ പോയിന്റുകൾ നേടി തായ്ലൻഡ് താരം ഗെയിമിൽ മേധാവിത്വം നേടി. നിർണായകമായ മൂന്നാം ഗെയിമിൽ തുടക്കം മുതൽ ലീഡ് നേടിയ കുൻലാവുറ്റിനെതിരെ കാര്യമായ വെല്ലുവിളിയുയർത്താൻ പ്രണോയിക്ക് സാധിച്ചില്ല. ഇതോടെയാണ് മത്സരം താരത്തിന് കൈവിട്ടുപോയത്.