ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇയും. സൗദി അറേബ്യ, ഇറാൻ, അർജൻ്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കും അംഗരാജ്യമാകാൻ ക്ഷണം ലഭ്യമായി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടന്ന ഉച്ചകോടിയിലാണ് ഈ രാജ്യങ്ങളെക്കൂടി ക്ഷണിച്ചത്.അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പുതിയ അംഗങ്ങൾക്ക് പ്രവേശനം അനുവദിക്കും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട കൂട്ടായ്മയിലേക്കാണ് പുതിയ രാജ്യങ്ങൾ എത്തുന്നത്.വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചത്.
ലോകമെമ്പാടുമുള്ള ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ക്ഷേമം, സമാധാനം,വികസനം എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഉയർത്താനുള്ള യുഎഇയുടെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ബ്രിക്സ് അംഗീകാരമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രതികരിച്ചു.
വളർന്നുവരുന്ന വിപണികളിലും വികസ്വര രാജ്യങ്ങളിലും ബ്രിക്‌സ് രാജ്യങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര വികസന സംരംഭങ്ങൾക്കുമായി ഫണ്ട് ശേഖരിക്കുന്നതിനായി രൂപീകരിച്ച ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്കിൽ 2021 ഒക്ടോബർ മുതൽ യുഎഇ അംഗമായിരുന്നു.