ഹാങ്ചൗ ഏഷ്യൻ ഗെയിംസിന് 634 അത്‌ലറ്റുകളടങ്ങിയ സംഘത്തെ അയക്കാൻ തീരുമാനിച്ച് ഇന്ത്യ. സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന് 850 കായികതാരങ്ങളെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിർദേശിച്ചത്. ഇതിൽ നിന്നും 634 കായിക താരങ്ങൾക്കാണ് ഗെയിംസിൽ പങ്കെടുക്കാൻ കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകിയത്. 2018 ജക്കാർത്തെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ 572 അത്‌ലറ്റുകളെയായിരുന്നു ഇന്ത്യ അയച്ചത്.
38 ഇനങ്ങളിൽ മത്സരിക്കാനുള്ള താരങ്ങളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു. 34 പുരുഷ താരങ്ങളും 31 വനിതാ താരങ്ങളുമടക്കം 65 അത്‌ലറ്റുകളാണ് ട്രാക്ക് ആൻ്റ് ഫീൽഡ് ഇനത്തിൽ മത്സരിക്കുന്നത്. 22 വീതം പുരുഷ വനിതാ താരങ്ങളടക്കം 44 ഫുട്ബോൾ താരങ്ങളാണ് ഗെയിംസിനായി പുറപ്പെടുക. ഹോക്കിയിൽ 18 വീതം പുരുഷ-വനിതാ താരങ്ങളടക്കം 36 പേരുടെ സംഘമാണ് പങ്കെടുക്കുക. 15 വീതമാണ് ക്രിക്കറ്റ് താരങ്ങളുടെ സംഘം. ഇതിൽ പുരുഷ-വനിതാ ടീമുകൾ മത്സരിക്കുന്നുണ്ട്. 30 പേരടങ്ങുന്നതാണ് ഷൂട്ടിങ് സംഘം. സെയ്ലിങ്ങിൽ 33 പേരടങ്ങുന്ന സംഘമാണ് മത്സരിക്കുക. ഭാരോദ്വഹനം, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, റഗ്ബി എന്നിവയിൽ പുരുഷ താരത്തിന് മന്ത്രാലയം അനുമതി നൽകിയിട്ടില്ല.