സൗദി അറേബ്യയിൽ ഓഗസ്റ്റ് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ. മക്ക, അസിർ, അൽ ബഹ, ജസാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ മേഖലകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മദീന, നജ്റാൻ എന്നിവിടങ്ങളിലും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ സുരക്ഷിതമായ ഇടങ്ങളിൽ തുടരാൻ പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു. ഈ കാലയളവിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ള ഇടങ്ങളായ ജലാശയങ്ങളിലും, വെള്ളക്കെട്ടുകളിലും നീന്താൻ ഇറങ്ങരുതെന്നും ചതുപ്പ് പ്രദേശങ്ങൾ, താഴ്വരകൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.