ലോകം ആകാശത്തേക്ക് തലഉയർത്തി നോക്കിയ ഒരു മാസം. 2023 ആഗസ്റ്റ്. ഒരുപക്ഷേ ഇത്രത്തോളം ശ്രദ്ധേയമായ ആകാശക്കാഴ്ചകൾ ഒരുമിച്ചുണ്ടായ ഒരുമാസം അപൂർവ്വമായിരിക്കാം. അതിൽ ഏറ്റവും പ്രധാനം ഇന്ത്യയുടെ അഭിമാനദൌത്യമായ ചന്ദ്രയാൻ -3 ചരിത്രമെഴുതിയതാണ്. ഭൂമിക്ക് പുറത്ത് മനുഷ്യൻ നേടുന്ന അപൂർവ്വ വിജയങ്ങളിലൊന്ന്.
ലോകം ബഹിരാകാശ ഗവേഷണങ്ങൾ ശക്തമാക്കുമ്പോൾ അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ കൊടി സ്ഥാപിക്കാനായത് ഇന്ത്യൻ വിജയമാണ്. ഇന്നുവരെ ആരും തൊടാത്ത ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലാണ് ഇന്ത്യയുടെ പ്രഗ്യാൻ റോവറിനേയും വഹിച്ച് വിക്രം ലാൻ്റർ പറന്നിറങ്ങിയത്. പുതിയ ചാന്ദ്രഗവേഷണങ്ങൾക്ക് തുടക്കമിടുന്നത് മാത്രമല്ല ഈ വിജയം. ബഹാരാകാശ വ്യവസായ രംഗത്ത് ഇന്ത്യൻ കുതിപ്പിന് പുതുവഴികൾ തുറക്കുന്നതിനൊപ്പം ആഗോള ഗവേഷണത്തിനും ഇന്ത്യൻ തന്ത്രങ്ങൾ മുതൽക്കൂട്ടാകും.
ഇതിനിടെ റഷ്യയുടെ ലൂണ-25 ചന്ദ്രോപരിതലത്തിൽ തകർന്നുവീണതും ഇതേ ആഗസ്റ്റിലാണ്. ഇന്ത്യയുടെ ചാന്ദ്രയാനൊപ്പം റഷ്യൻ പേടകവും ഒരുമിച്ച് ചന്ദ്രനെ സ്പർശിക്കുമെന്ന നിഗമനത്തിൽ ലൂണയുടെ പ്രയാണവും ലോകം ആകാംഷയോടെയാണ് വീക്ഷിച്ചത്. എന്നാൽ ഭ്രമണപഥം താഴ്ത്തുന്നതിലെ അപാകത കാരണം ആഗസ്റ്റ് 20ന് ലൂണ ചന്ദ്രോപരിതലത്തിൽ തകർന്നുവീഴുകയായിരുന്നു. ആഗസ്റ്റ് 11നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ് കോസ്മോസ് ലൂണ നേരിട്ട് ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിച്ചത്. 1976ന് ശേഷം ഇതാദ്യമായായിരുന്നു റഷ്യയുടെ ചാന്ദ്രപരീക്ഷണം.
ഇതിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് നാസയുടെ ശാസ്ത്ര സംഘവും യുഎഇ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽനെയാദിയും നിരവധി കാഴ്ചകളാണ് സമ്മാനിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ബഹികാരാകാശ ദൌത്യം നിറവേറ്റിയ യുഎഇ പൌരൻ എന്നതടക്കം ഒരുപിടി റെക്കോർഡുകളും അൽ നെയാദി ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ മാർച്ചിൽ ബഹിരാകാശത്ത് എത്തിയ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങിയെത്തുന്നതും ആഗസ്റ്റ് അവസാനമാണ്.
പെഴ്സിയിഡിസ് ഉൽക്കവർഷവും 2023 ആഗസ്റ്റിലെ ആകാശവിരുന്നിനായിരുന്നു. 12,13 തീയതികളിലായാണ് ഉൽക്കവർഷം പാരമ്യത്തിലെത്തിയത്. ഭൂമിയുടേയും ഉൽക്കകളുടേയും ഭ്രമണത്തിനിടെ ക്ഷീരപഥത്തിലുണ്ടാകുന്ന കണ്ടുമുട്ടലാണ് കാഴ്ചകൾ സമ്മാനിച്ചത്. ചന്ദ്രയാനും ലൂണയും മനുഷ്യനിർമ്മിത പ്രയത്നങ്ങൾ ആയിരുന്നെങ്കിൽ പെഴ്സിയിഡിസ് ഉൽക്കവർഷം പ്രകൃതി ഒരുക്കിയ വിസ്മയം എന്നതായിരുന്നു പ്രത്യേകത.
ആഗസ്റ്റ് 27ന് ശനി ഗ്രഹം ഭൂമിയിൽനിന്ന് അസാധാരണ തിളക്കത്തോടെ കാണാനാകുമെന്നും വാനനിരീക്ഷകർ പറയുന്നു. സാറ്റേൺ ഒപ്പോസിഷൻ പ്രതിഭാസം എന്ന പേരിലാണിത് അറിയപ്പെടുക. ഭൂമിയിലെ രാത്രി സയമം ശനിയും സൂര്യനും നേർക്കുനേർ വരുമ്പോഴാണ് ശനിയെ തിളക്കമുളളതാക്കി മാറ്റുക.
ലോകമാകെയുളള വാനനിരീക്ഷകരെ ത്രസിപ്പിച്ച സൂപ്പർ മൂൺ പ്രതിഭാസവും ഇതേ ആഗസ്റ്റിലായിരുന്നു. ആഗസ്റ്റ് 1നും 2നും ഇടയിലുളള അർദ്ധരാത്രിയാണ് സൂപ്പർമൂൺ എത്തിയത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തവരുന്ന പ്രതിഭാസമാണിത്. സാധാരണ കാണാറുളള ചന്ദ്രനേക്കാൾ 6.9 ശതമാനം കൂടുതൽ വലുപ്പത്തിലാണ് സൂപ്പർമൂണിനെ കാണുക.
സൂപ്പർ മൂണിൽ തുടങ്ങിയ ആഗസ്റ്റിലെ ആകാശക്കാഴ്ചകൾ അവസാനിക്കുന്നതും മറ്റൊരു പ്രതിഭാസത്തിലൂടെയാണ്. മാസം അവസിനിക്കുന്ന ആഗസ്റ്റ് 30 ന് വീണ്ടുമൊരു സൂപ്പർ മൂണെത്തുമെന്ന് വാനഗവേഷകർ പ്രവചിക്കുന്നു. അതായത് ഒരേ മാസം രണ്ട് സൂപ്പർമൂണെന്ന അപൂർവ്വ പ്രതിഭാസം. ഇതിന് മുമ്പ് 2018ലായിരുന്നു ഡബിൾ സൂപ്പർ മൂൺ കാഴ്ചകളെങ്കിൽ ഇനിയുളളത് 2037ലാണ്. അതുവരെ ക്ഷമയില്ലാത്തവർ ആഗസ്റ്റ് 30ലെ ആകാശക്കാഴ്ചകളിലേക്ക് ഒരിക്കൽകൂടി തല ഉയർത്തുക.