ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കീഴിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ഗുസ്തി താരങ്ങൾക്ക് തിരിച്ചടി. ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്, റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം താൽക്കാലികമായി റദ്ദാക്കി . റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വൈകുന്ന സാഹചര്യത്തിലാണ് നടപടി.
മുൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. അന്ന് മുതൽ ഡബ്ല്യുഎഫ്ഐ അഭൂതപൂർവമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിന്റെ മുന്നോടിയായി വിവാദങ്ങളും തുടർന്നുള്ള നിയമ പോരാട്ടങ്ങളും കാരണമാണ് ഡബ്ല്യുഎഫ്ഐ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നീണ്ടു പോവുന്നത്.
മൂന്ന് തവണ ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയാണ് ചെയ്തത്. ജൂലൈ നാലിന് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആദ്യം തീരുമാനിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളില്‍ നിന്ന് പരാതി ഉയര്‍ന്നതോടെ ജൂലൈ 11-ലേക്കു മാറ്റി. പിന്നീട് വീണ്ടും ഡബ്ല്യുഎഫ്ഐ അംഗത്വം നിഷേധിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അസം റെസ്ലിംഗ് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് വീണ്ടും സ്റ്റേ ചെയ്യുകയും ചെയ്തു.
പിന്നീട് ഓഗസ്റ്റ് 11നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. അതിന് ശേഷം ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനച്ചു. ഈ സാഹചര്യത്തിലാണ് യുഡബ്ല്യുഡബ്ല്യു ഇപ്പോഴത്തെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന ഒളിമ്പിക് യോഗ്യതാ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗുസ്തിക്കാർ ‘ന്യൂട്രൽ അത്ലറ്റുകളായി’ മത്സരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.