ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗിന് തുടക്കമായി. ഇന്ത്യ ചരിത്രത്തിന്റെ ഭാഗമാകുന്ന അഭിമാനനിമിഷത്തിലേക്കിന് മിനിറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. സോഫ്റ്റ് ലാൻഡിംഗിന് ശേഷം 19 മിനിറ്റ് കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ലാൻഡിംഗ് പൂർത്തിയാകുക. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിൻറെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ.
‘വിക്രം’ എന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന പ്രവർത്തനമാണ് 5.44 മുതൽ ആരംഭിച്ചത്. ബെംഗളൂരു ഐ.എസ്.ആർ.ഒ. ഇസ്ട്രാക് മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽനിന്നാണ് ലാൻഡറിന് നിർദേശങ്ങൾ നൽകുന്നത്. വൈകിട്ട് 6.04-ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത്.