സമൂഹ മാധ്യമങ്ങളോ ടിക് ടോക് പോലുള്ള ആപ്പുകളും ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സൗദി പബ്ലിക് പ്രോസിക്യൂഷൻ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കുന്നു. സൈബർ വിദഗ്ധർ ഉൾക്കൊള്ളുന്ന വിദഗ്ധ സംഘം സമൂഹമാധ്യമ ഇടപാടുകൾ നിരീക്ഷിക്കുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ. ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയാൽ ഉടൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എടുക്കും. കൂടാതെ അനധികൃത ധന സമാഹരണത്തിനുള്ള പ്രധാന ഉപകരണമായി ടിക് ടോക് ദുരുപയോഗം ചെയ്യുന്നതും നിരീക്ഷണ പരിധിയിൽ ഉൾപ്പെടും.
സൈബർ നിയമ അവബോധം വർധിപ്പിക്കുക, സമൂഹമാധ്യമങ്ങൾ വഴി നൽകുന്ന വിവരങ്ങളുടെ ഉള്ളടക്കത്തിന് സംരക്ഷണം നൽകുക, ധാർമികത, പൊതു താൽപര്യം എന്നിവ സംരക്ഷിക്കുക, ഇൻറർനെറ്റ് വഴി നൽകുന്ന ഉള്ളടക്കത്തിന്റെ സുരക്ഷിതമായ ഉപയോഗത്തിന് ഭീഷണി ഉയർത്തുന്നവരെ നേരിടുക എന്നിവയാണ് നിരീക്ഷണത്തിലൂടെ ശക്തമാക്കാൻ ആണ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷത്തിൽ കൂടാത്ത തടവോ 30 ലക്ഷം റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ട് ശിക്ഷയും ഒരുമിച്ചോ ആയിരിക്കും കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുക. കൂടാതെ തീവ്രവാദ കുറ്റകൃത്യങ്ങൾ തടയുന്നതിനും അതിന് ധനസഹായം നൽകുന്നതിനുമുള്ള നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം പിഴകൾ നേരിടേണ്ടിവരും. മാത്രമല്ല ഒന്നുമുതൽ അഞ്ചുവരെ വർഷം തടവും ലഭിക്കും.
വിവര ശൃംഖലയിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ക്രമസമാധാനം, പൊതുധാർമികത, മതമൂല്യങ്ങൾ, സ്വകാര്യജീവിതത്തിന്റെ പവിത്രത എന്നിവയെ തകർക്കുന്ന വസ്തുക്കൾ നിർമിക്കുകയോ തയാറാക്കുകയോ ആർക്കെങ്കിലും അയക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നവർക്ക് പരമാവധി അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കും. അതേസമയം അശ്ലീല ശൃംഖലകളുമായി ബന്ധപ്പെട്ട മെറ്റീരിയലുകളും ഡേറ്റയും സൃഷ്ടിക്കുന്നത് ഉൾപ്പെടെ ഏതെങ്കിലും വിവര കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഓരോ വ്യക്തിക്കും അഞ്ചു വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ 30 ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ലഭിക്കുമെന്ന് സൈബർ ക്രൈംവിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ ആറ് വ്യക്തമാക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.