ഗൾഫ്-കേരള സെക്ടറിൽ സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്ക് വർധനവ് പ്രവാസികളെ ഒന്നാകെ വലച്ചിരിക്കുകയാണ്. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ജിസിസി രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ. പ്രവാസി വ്യവസായികളായ സജി ചെറിയാനും തോമസ് കോയാട്ടും നേതൃത്വം നൽകുന്ന ഭാരതീയ പ്രവാസി ഫെഡറേഷനു കീഴിലാണ് നിയമ പോരാട്ടത്തിനുള്ള പ്രവർത്തനം ശക്തമാക്കുന്നത്. ഇത് കൂടാതെ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുക, വോട്ടവകാശം അനുവദിക്കുക, പുനരധിവാസം ഉറപ്പാക്കുക, എന്നിവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങൾ.
അതേസമയം ജിസിസി രാജ്യങ്ങളിലെ പ്രവാസി സംഘടനകളുടെ സംയുക്ത യോഗം വിളിക്കുകയും പ്രശ്നം അവതരിപ്പിച്ച് പിന്തുണ ശേഖരിക്കുകയുമാണിപ്പോൾ. ഇത് സംബന്ധിച്ച അടുത്ത യോഗം സെപ്റ്റംബർ ഏഴിന് ദുബായിലും ഒമാനിലുമായി നടക്കും. സംഘടനാ ഭാരവാഹികൾക്ക് പുറമേ സാമൂഹിക, സാംസ്കാരിക പ്രമുഖരും ഇൻഫ്ലൂവൻസർമാരും ചർച്ചയിൽ പങ്കെടുക്കും. വൈകാതെ മറ്റു രാജ്യങ്ങളിലും യോഗം വിളിച്ച് പോരാട്ടം ശക്തമാക്കുമെന്നും പ്രവാസി സംഘടനകൾ അറിയിച്ചു.
പോരാട്ട പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിൽ ജിസിസി രാജ്യങ്ങളിൽ സെമിനാറുകളും സിംപോസിയവും നടത്തി പ്രചാരണം ശക്തമാക്കി പൊതുജന പിന്തുണ തേടുകയാണ് ലക്ഷ്യം. കൂടാതെ മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്ശങ്കറെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പങ്കെടുപ്പിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. അതേസമയം വർധിച്ച വിമാന ടിക്കറ്റ് മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവർക്കായി ഗൾഫ്-കേരള സെക്ടറിൽ ചാർട്ടേർഡ് വിമാന സർവീസിന് അനുമതി തേടി സജി ചെറിയാൻ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നേരത്തെ തന്നെ പൊതു താൽപര്യ ഹർജി നൽകിയിരുന്നു.