നടൻ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനോടകം നടനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. മാത്രമല്ല, നടന്റെ തന്നെ ഒരു വിഭാഗം ആരാധകരും താരത്തിന്റെ പ്രവർത്തിയിൽ ക്ഷുഭിതരാണ്. ഇപ്പോഴിതാ നടനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും രംഗത്ത് വന്നിരിക്കുകയാണ്.
‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതായിരിക്കും. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകുകയേയുള്ളു’ എന്നായിരുന്നു കുറിപ്പ്. ജയിലർ, ഹുംകും എന്നീ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പമുണ്ട്. മന്ത്രിയുടെ കുറിപ്പ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നേരത്തെ ജയിലറിലെ വിനായകന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടും ശിവൻക്കുട്ടി പോസ്റ്റിട്ടിരുന്നു. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി ജയിലർ മുന്നേറുകയാണ്. ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 400 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. വിജയഘോഷങ്ങളിൽ പങ്കെടുക്കാതെ രജനികാന്ത് ഉത്തരേന്ത്യൻ യാത്ര ചെയ്തു വരികയാണ്.
റിട്ടയേര്‍ഡ് ജയിലറായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ജയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് നടന്റെ വില്ലൻ ആയെത്തുന്നത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്, ജാക്കി ഷ്രോഫ് എന്നിവരുടെ കാമിയോ റോളുംചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. രമ്യ കൃഷ്ണന്,കിഷോര്‍, വസന്ത് രവി, യോഗി ബാബു, സുനില്‍, തമന്ന, ജി മാരിമുത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.