ഫിഫ ലോകകപ്പിൽ ഉപയോഗിച്ച പോളിസ്റ്റർ ഉല്പന്നങ്ങൾ പുനർനിർമ്മാണത്തിലൂടെ രൂപമാറ്റം വരുത്തി ഖത്തർ. 173 ടൺ ബ്രാൻഡിങ് സാമഗ്രികളാണ് പുനരുത്പാദിപ്പിച്ച് പുത്തൻ ഉൽപന്നങ്ങളാക്കി മാറ്റിയത്. സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും ബാൻഡിങ്ങിനായി ഉപയോഗിച്ച പോളിസ്റ്റർ തുണികൾ കൊണ്ട് നിർമ്മിച്ച ബാനറുകൾ, ഫെൻസ് കവറിങ്ങുകൾ ഉൾപ്പെടെയുള്ളവയാണ് റീസൈക്കിൾ ചെയ്ത് ടേപ്പ്, ഫാബ്രിക്, പാക്കേജിങ് തുടങ്ങിയ പുത്തൻ ഉൽപന്നങ്ങളാക്കി മാറ്റിയത്.
സുസ്ഥിരതാ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ് സൗദി കമ്പനിയായ സൗദി ടോപ് പ്ലാസ്റ്റിക്കുമായി ചേർന്ന് വസ്തുക്കൾ റീസൈക്കിൾ ചെയ്തത്. പ്ലാസ്റ്റിക് വസ്തുക്കളും സാമഗ്രികളും പ്ലാസ്റ്റിക് ഉരുളകളാക്കി മാറ്റിയ ശേഷമാണ് വിവിധ ഉൽപന്നങ്ങളിലേയ്ക്ക് രൂപമാറ്റം വരുത്തിയത്. ലോകകപ്പിന് ശേഷമുണ്ടായ മൊത്തം മാലിന്യങ്ങളിൽ 80 ശതമാനവും ഖത്തർ ഇതിനോടകം റീസൈക്കിൾ ചെയ്തിട്ടുണ്ട്.