മുകേഷ് അംബാനി കോടികൾ വിലമതിക്കുന്ന തന്റെ വീട് വിറ്റതായി റിപ്പോർട്ട്. മൻഹാട്ടനിലെ വെസ്റ്റ് വില്ലേജിൽ സ്ഥിതിചെയ്യുന്ന തന്റെ ലക്ഷ്വറി കോണ്ടോ മുകേഷ് അംബാനി കൈമാറ്റം ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 9 മില്യൻ ഡോളറിനാണ് (74 കോടി രൂപ) വീടിന്റെ വിൽപന നടന്നത്.
17 നിലകളുള്ള പ്രീമിയം റസിഡൻഷ്യൽ ടവറായ സുപ്പീരിയർ ഇങ്കിന്റെ നാലാം നിലയിലാണ് ലക്ഷ്വറി അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. രണ്ട് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മുൻപ് ഉണ്ടായിരുന്ന മൂന്ന് കിടപ്പുമുറികൾ രൂപമാറ്റം വരുത്തി രണ്ടാക്കി മാറ്റുകയായിരുന്നു. മൂന്നു ബാത്റൂമുകളും വീട്ടിലുണ്ട്. 2406 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ഹഡ്സൺ നദിയുടെ മനോഹരമായ കാഴ്ച വീട്ടിലിരുന്നുകൊണ്ട് തന്നെ ആസ്വദിക്കാനാവും എന്നതാണ് പ്രധാന പ്രത്യേകത.
ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുള്ള കമ്പനി എന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് വീടിന്റെ വില്പന സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്തുവന്നത്. 1919 മുതൽ സുപ്പീരിയർ ഇങ്ക് ഫാക്ടറി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം 2009ൽ റോബർട്ട് എ എം സ്റ്റേൺ ആർക്കിടെക്റ്റ്സാണ് രൂപമാറ്റം വരുത്തി ഇന്ന് കാണുന്ന നിലയിൽ നവീകരിച്ചത്.