മൂന്നാം തവണയും കേരളത്തിൽ അധികാരത്തില്‍ വന്നാൽ സിപിഎം എന്ന പാർട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദൻ. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിൽ എത്തിയാൽ തന്നെ പാർട്ടിക്ക് ധാർഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്കായിരിക്കും നയിക്കുക. ബംഗാളില്‍ അതാണ് ഉണ്ടായതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അതേസമയം പാർട്ടിയെ നാശത്തിൽ നിന്ന് തടയുന്നതിന് വേണ്ടി മൂന്നാം തവണയും അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർഥിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തൽ, മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള ഇടതു സർക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്യൂണിസ്റ്റു സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്ന് വിമർശിക്കുകയും ചെയ്തു. എന്നാൽ പൊലീസിലെ ആർഎസ്എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാർട്ടിയുടെ വാദം. അത് എന്തു തന്നെയായാലും അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.