യുഎസിൽ ടെകികളായ ഇന്ത്യൻ ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെയാണ് മെറിലാൻഡിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും.
ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും ഒൻപത് വർഷത്തോളമായി സോഫ്റ്റ്വെയർ എൻജിനീയർമാരായി ജോലി ചെയ്ത് വരികയായിരുന്നു. അതേസമയം ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.