സംസ്ഥാനത്തെ ഓണാഘോഷത്തിന് തൃപ്പൂണിത്തുറയിൽ ഔദ്യോഗിക തുടക്കമായി. തൃപ്പൂണിത്തുറയിലെ വർണ ശബളമായ അത്ത ചമയ ഘോഷ യാത്രയോടെ ആയിരുന്നു ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കമായത്. ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മമ്മൂട്ടിയാണ് ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. മതനിരപേക്ഷതയുടെ അടയാളമാണ് അത്തച്ചമയമെന്ന് ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പറഞ്ഞു.
ഘോഷയാത്രയിൽ 80 ഓളം കലാരൂപങ്ങളും 15 ലധികം നിശ്ചല ദൃശ്യങ്ങളും അകമ്പടിയായി താളമേള വാദ്യങ്ങളും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയുടെ രാജ വീഥികളിൽ പല വിധ വർണങ്ങളും നയന മനോഹരമായ കാഴ്ചകളും കൊണ്ട് മലയാളികളുടെ ഓണാഘോഷത്തിന് ഗംഭീര തുടക്കം കുറിക്കുയായിരുന്നു ഇത്തവണത്തെ ഘോഷയാത്ര.
അതേസമയം കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും ഘോഷയാത്രയിൽ അണി നിരന്നതും കാണികളിൽ ആവേശം നിറച്ചു. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.