നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യാവസ്ഥയെ കുറിച്ച് പറഞ്ഞ് അവതാരികയും നടിയുമായ കല്യാണി രോഹിത്. ഇപ്പോൾ തന്റെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.
തന്റെ ആരോഗ്യാവസ്ഥയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ താരം നേരത്തെ പങ്കുവെച്ചിരുന്നു എന്നാൽ വിഡിയോയെ ചുറ്റിപ്പറ്റി വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ അത് നീക്കുകയായിരുന്നു. നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ-‘കഴിഞ്ഞ ഒന്നരമാസമായി ഞാൻ മാനസികമായും ശാരീരകമായും തളർന്നിരിക്കുകയാണ്. എന്റെ ആരോഗ്യം ഏറ്റവും മോശം അവസ്ഥയിലെത്തി നിൽക്കുകയാണ്. 2016 ൽ ഞാൻ നട്ടെല്ലിന് ഒരു ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. അതോടെ എനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷമായിരുന്നു ഞാൻ മകൾ നവ്യയെ പ്രസവിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി എന്റെ നട്ടെല്ലിന് വേദന അനുഭവപ്പെടാൻ തുടങ്ങി.
ഞാൻ വീണ്ടും ഒരു നട്ടെല്ല് വിദഗ്ദനെ കാണിച്ചു. ഒരിക്കലും കേൾക്കരുതെന്ന് കരുതിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ആദ്യ ശസ്ത്രക്രിയ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യം വീണ്ടെടുക്കാൻ വീണ്ടെടുക്കാൻ മുൻപ് ഘടിപ്പിച്ച സ്ക്രൂവും പ്ലേറ്റുകളുമെല്ലാം മാറ്റുകയും പുതിയ അസ്ഥി ക്രിത്രിമമായി വെയ്ക്കുകയും വേണം എന്നും പറഞ്ഞു. ഇത്തവണ രോഗം ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 2009 വരെ തെന്നിന്ത്യൻ സിനിമകളിലും പിന്നീട് ടെലിവിഷൻ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. മലയാളത്തിൽ ‘മുല്ലവള്ളിയും തേൻമാവും’, ‘പരുന്ത്’ എന്നീ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.